Thursday, 2 June 2011

ലോകമേ.. ഇന്നെന്‍റെ പുത്രന്‍ സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയാണ്.

ലോകമേ, എന്‍റെ കുട്ടിയെ കൈപിടിച്ചുയര്‍ത്തു- അവന്‍റെ സ്കൂള്‍ ജീവിതം തുടങ്ങുകയാണ്.

അല്‍പകാലത്തേക്ക് എല്ലാം അവനു അപരിചിതവും പുതുമ നിറഞ്ഞതുമായിരിക്കും. നിങ്ങളവനോട് മൃദുവായി പെരുമാറുമെന്ന് കരുതുന്നു. ഇന്നലെയും അവന്‍ അവന്‍റെ പരിചിതമായ മേഖലകളിലെ രാജാവായിരുന്നു; വീടിന്റെ പുറകുവശത്തെ അങ്കണത്തിന്‍റെ മേലാധികരിയായിരുന്നു. അവന്‍റെ മുറിവുകള്‍ തുന്നികൂട്ടുവാനും അവനെ ആശ്വസിപ്പിക്കാനും ഇപ്പോഴും ഞാന്‍ അടുത്തുണ്ടായിരുന്നു.

പക്ഷെ കാര്യങ്ങള്‍ ഇനി വ്യത്യസ്തമാകാന്‍ പോകുകയാണ്. ഇന്ന് രാവിലെ പടികളിറങ്ങി കൈവീശി അവനൊരു സാഹസികയാത്ര ആരംഭിക്കുകയാണ്. ചിലപ്പോള്‍ അതില്‍ യുദ്ധങ്ങളും ദുരന്തനാടകങ്ങളും ദുഃഖവും നേരിടേണ്ടി വന്നേക്കാം.

ഈ ലോകത്തില്‍ ജീവിക്കാന്‍ വിശ്വാസവും സ്നേഹവും ധൈര്യവും അത്യാവശ്യമാണ്. ലോകമേ, അവനെ കൈപിടിച്ചുയര്‍ത്തി അവനാവശ്യമായ ശിക്ഷണം നല്‍കുക; കഴിയുമെങ്കില്‍ മൃതുവായ ശിക്ഷണം.

എല്ലാരും ധര്‍മിഷ്ഠരല്ലെന്നും എല്ലാ സ്ത്രീ പുരുഷന്മാരും സത്യസന്ധരല്ലെന്നും അവന്‍ പഠിക്കേണ്ടതുണ്ട്. ഈ ലോകത്ത് ആഭാസന്മാരെ പോലെതന്നെ മാതൃകപുരുഷന്മാരും, ശത്രുക്കളെ പോലെ സുഹൃത്തുക്കളും ഉണ്ടെന്നു അവന്‍ പഠിക്കട്ടെ. അനാവശ്യമായി ഭീഷണിപ്പെടുത്തുന്നവരെ കീഴ്പ്പെടുത്താന്‍ എളുപ്പമാകണമെന്നും അവന്‍ നേരത്തെ തന്നെ മനസ്സിലാക്കട്ടെ.

പുസ്തകങ്ങളുടെ അത്ഭുതലോകം അവനു തുറന്നു കൊടുക്കുക. ആകാശത്തിലെ പറവകളുടെ അനശ്വരമായ നിഗൂഡതയെ പറ്റിയും സൂര്യനെപ്പറ്റിയും പച്ചക്കുന്നിന്‍ മുകളിലെ പൂക്കളെപ്പറ്റിയും ചിന്തിക്കാനവന് സമയം കൊടുക്കുക. വഞ്ചിക്കുന്നതിനേക്കാള്‍ പരാജയപ്പെടുന്നതാണ് അഭിമാനകരമെന്നു അവനെ പഠിപ്പിക്കുക. മറ്റുള്ളവര്‍ എതിര്‍ത്താലും സ്വന്തം ആദര്‍ശങ്ങളില്‍ വിശ്വസിക്കാന്‍ അവനെ പഠിപ്പിക്കുക.

എല്ലാവരും തിരഞ്ഞെടുക്കുന്ന വഴിയില്‍ക്കൂടി സഞ്ചരിക്കാതെ ജനക്കൂട്ടത്തിനു പിറകെ ഓടാതെ സ്വന്തം ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ശക്തി അവനു നല്‍കുക. മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ അവന്‍ പഠിക്കട്ടെ. പക്ഷെ കേള്‍ക്കുന്നതില്‍ നിന്നും സത്യവും നന്മയും അരിച്ചെടുക്കാന്‍ അവന്‍ പഠിക്കട്ടെ.

അവന്‍റെ ഹൃദയവും ആത്മാവും വില്‍പനച്ചരക്കാക്കാതിരിക്കാന്‍ അവനെ പഠിപ്പിക്കുക. ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്‍റെ ആരവം കേള്‍ക്കുമ്പോള്‍ ചെവി പൊത്തുവാന്‍ അവനെ പഠിപ്പിക്കുക. നന്മ ഉയര്‍ത്തിപ്പിടിക്കുവാനും നന്മയ്ക്ക് വേണ്ടി നിലനില്‍ക്കുവാനും ശരിയെന്നു തോന്നുന്നത് ചെയ്യുവാനും അവനെ പഠിപ്പിക്കുക. ശിക്ഷണം മൃദുവായിരിക്കട്ടെ. പക്ഷെ അമിതലാളനം വേണ്ട. 'ചുട്ടുപഴുത്ത ഇരുമ്പാണ് നല്ല ഉരുക്കാകുന്നത്'.

ഭീമമായ ആവശ്യങ്ങളാണ് ഞാന്‍ നിരത്തുന്നത്. പക്ഷെ, ലോകമേ, നിനക്കാവുന്നത് ചെയ്യുക. അവനൊരു നല്ല പുത്രനാണ്.

24 comments:

ചെറുവാടി said...

ഓരോ വരികള്‍ക്കും വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്ള കുറിപ്പ്.
ഓരോ രക്ഷിതാക്കളുടെയും മനസ്സില്‍ നിന്നും വരുന്ന ആകുലതകള്‍.
അതുകൊണ്ട് തന്നെ ഇതെഴുതിയത് അവര്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ് .
ഈ ലേഖനം ഇന്നെന്റെ ഇഷ്ട്ടപ്പെട്ട വായനയില്‍ ഒന്നാകുന്നു.
അഭിനന്ദനങ്ങള്‍ .

anas said...

മാറ്റങ്ങള്‍ സംഭവിക്കുന്നത് നിവര്‍ന്നു നില്‍ക്കുന്നവരുടെയും ധീരന്മാരുടെയും കൈകളിലൂടെയാണ്, പാവത്താന്‍ മാരുടെയും കുംബിടുന്നവരുടെയും കൈകളിലൂടെയല്ല (അലി ഇസ്സത്ത്‌ ബെഗോവിച്)

Absar Mohamed said...

നന്നായിട്ടുണ്ട് പോസ്റ്റ്‌...

ahammedpaikat said...

ഉമ്മ മനസ്സിന്റെ ആകുലതകളൊക്കെയും പ്രകാശിപ്പിക്കപ്പെടുന്നുണ്ടീ വരികളില്‍ . നന്മകള്‍

ismail chemmad said...

നല്ല ചിന്തകള്‍ ........

K.S.Afsal said...

ലോകമേ എനിക്ക് പുത്രികളാണ്...

K.S.Afsal said...

ലോകമേ എനിക്ക് പുത്രികളാണ്...

രമേശ്‌ അരൂര്‍ said...

പുസ്താകങ്ങളും ..കുട്ടിത്തം നിറഞ്ഞ കൂട്ടുകാരും ,,,അവന്റെ സ്കൂള്‍ മുറ്റം പൂത്തു വിടരട്ടെ

Noushad Koodaranhi said...

.."....വഞ്ചിക്കുന്നതിനേക്കാള്‍ പരാജയപ്പെടുന്നതാണ് അഭിമാനകരമെന്നു അവനെ പഠിപ്പിക്കുക. മറ്റുള്ളവര്‍ എതിര്‍ത്താലും സ്വന്തം ആദര്‍ശങ്ങളില്‍ വിശ്വസിക്കാന്‍ അവനെ പഠിപ്പിക്കുക......"

മിഴി വിളക്ക്. said...

very nice....

ഷമീര്‍ തളിക്കുളം said...

ലോകമേ, അവരുടെമേല്‍ നന്മ വര്ഷിക്കണേ...

pushpamgad kechery said...

angine njanum kure padichu.
asamsakal..

തൂവലാൻ said...

എബ്രഹാ, ലിങ്കൺ തന്റെ മകൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകർക്ക് എഴുതിയ കത്തിനോട് സാമ്യം ഈ പോസ്റ്റിനു തോന്നുണ്ടെങ്കിലും അവസരോചിതമായ ഒരു ലേഖനം…

sm sadique said...

എല്ലാരും ധര്‍മിഷ്ഠരല്ലെന്നും എല്ലാ സ്ത്രീ പുരുഷന്മാരും സത്യസന്ധരല്ലെന്നും അവന്‍ പഠിക്കേണ്ടതുണ്ട്. ഈ ലോകത്ത് ആഭാസന്മാരെ പോലെതന്നെ മാതൃകപുരുഷന്മാരും, ശത്രുക്കളെ പോലെ സുഹൃത്തുക്കളും ഉണ്ടെന്നു അവന്‍ പഠിക്കട്ടെ. വളരെ നല്ല ചിന്തകൾ.......

Joy said...

inninte raksithakkalude aakulathakal.valare nannu....

തെച്ചിക്കോടന്‍ said...

നന്മ നിറഞ്ഞ ഉത്തമപൌരനായി അവന്‍ മാറട്ടെ.
നല്ല പോസ്റ്റ്‌.

Lipi Ranju said...

നന്മ ഉയര്‍ത്തിപ്പിടിക്കുവാനും നന്മയ്ക്ക് വേണ്ടി നിലനില്‍ക്കുവാനും ശരിയെന്നു തോന്നുന്നത് ചെയ്യുവാനും അവനെ പഠിപ്പിക്കുക...
നല്ല പോസ്റ്റ്‌ ...

shiras said...

'ചുട്ടുപഴുത്ത ഇരുമ്പാണ് നല്ല ഉരുക്കാകുന്നത്'.
നൈസ്......

Sibin said...

നല്ല ചിന്തകള്‍ .നല്ല കുട്ടിയായി വളരട്ടെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ലാളനയല്ല, ലാളിത്യമാണ് അവനെ പഠിപ്പിക്കേണ്ടത് . .
മത്സരമല്ല,വിട്ടുവീഴ്ചയാണ് അവനില്‍ ശക്തമാവേണ്ടത്.

പ്രകാശമാനമായ വാക്കുകള്‍ക്കു
ആശംസകള്‍

Sapna Anu B.George said...

Good one Shahana, we are meeting first time in blog world and sorry for my English

JESEEM said...

അവന്‍ രാജാവും മേലതികാരിയും ആയിരുന്നിടത്തുന്നു തുടങ്ങട്ടെ...
നഷ്ടപ്പെട്ട എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍
ചിന്തകളില്‍ ഇപ്പോഴും എല്ലാത്തിലും രാജാവും അധികാരിയും
ഓരോ ദിവസവും അനുഭവങ്ങളുടെ ഓരോ പുതിയ ആദ്യായവും തുറന്നു പിടിച്ചുകൊണ്ടു സമൂഹത്തിലേക്കു നോക്കുന്ന മുതിര്ന്നവരെന്നു വിശേഷിപ്പിക്കാവുന്ന നാമും അവനും തമ്മില്‍ എന്താ വ്യത്യാസം ....................

JESEEM said...

അവന്‍ രാജാവും മേലതികാരിയും ആയിരുന്നിടത്തുന്നു തുടങ്ങട്ടെ...
നഷ്ടപ്പെട്ട എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍
ചിന്തകളില്‍ ഇപ്പോഴും എല്ലാത്തിലും രാജാവും അധികാരിയും
ഓരോ ദിവസവും അനുഭവങ്ങളുടെ ഓരോ പുതിയ ആദ്യായവും തുറന്നു പിടിച്ചുകൊണ്ടു സമൂഹത്തിലേക്കു നോക്കുന്ന മുതിര്ന്നവരെന്നു വിശേഷിപ്പിക്കാവുന്ന നാമും അവനും തമ്മില്‍ എന്താ വ്യത്യാസം ....................

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എല്ലാ ആശംസകളും നേരുന്നു.

അമ്മയുടെ മടിത്തട്ടാകുന്ന ആദ്യ വിദ്യാലയത്തില്‍ നിന്നാര്‍ജ്ജിച്ച നന്മയും സ്നേഹവും ലോകത്തിനു പകര്‍ന്ന് അവന്‍ വലുതാകട്ടെ